സീരിയൽ നടി ഗായത്രി അരുൺ വിശേഷങ്ങൾ - Malayalam TV serial actress Gayathri Arun

  ഒരു സൂപ്പർഹിറ്റ് സിനിമയിലെ നായികയുടെ തിളക്കമുണ്ടായിരുന്നു പരസ്പരം എന്ന സീരിയലിലെ നായിക ദീപ്തി ഐ.പി.എസിന്. സീരിയൽ ഇഷ്ടപ്പെടാത്തവരുടെ മനസിൽ പോലും പെട്ടെന്ന് ഇടം നേടിയെടുക്കാൻ ദീപ്തിക്ക് കഴിഞ്ഞു. എല്ലാവർക്കും പ്രിയപ്പെട്ട ദീപ്തിയെ മനോഹരമാക്കിയത് ഗായത്രി അരുണാണ്. അഞ്ചുവർഷം നീണ്ട സീരിയൽ ഷൂട്ടിംഗിനിടയിലെ അനുഭവങ്ങളും ഓർമ്മകളും ഗായത്രി പങ്കുവയ്ക്കുന്നു. 

നീണ്ട അഞ്ചുവർഷം, ഒരേ കഥാപാത്രമായി വിരസമായി പോയേക്കാവുന്ന അനുഭവത്തെ എങ്ങനെയാണ് നേരിട്ടത്? 

   ഒരുപാട് വലിച്ചുനീട്ടി കഥപറയുന്ന രീതിയായിരുന്നില്ല. പരസ്പരത്തിന്റേത്. തുടക്കത്തിലുണ്ടായിരുന്ന ദീപ്തിയല്ല അവസാനം വരെയുള്ളത്. സാഹചര്യങ്ങൾ മാറുന്നതിന്റെ അതനുസരിച്ച് കഥാപാത്രവും മാറുന്നു. ദീപ്തിക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. എന്നാൽ ഗായത്രിക്ക് ഒരു മാറ്റവുമില്ല. അഞ്ച് വയസ് കൂടി എന്നതൊഴിച്ചാൽ എനിക്ക് ഒരു മാറ്റവും തോന്നുന്നില്ല. അവൾ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു. ആളുകളുടെ സ്നേഹവും ബഹുമാനവും എല്ലായിടത്തു നിന്നും കിട്ടിയിട്ടുണ്ട്. 

ദീപ്തിയും ഗായത്രിയും എത്രത്തോളം അടുത്ത് നിൽക്കുന്നു? 

 കുറച്ചധികം കാര്യങ്ങളിൽ രണ്ടുപേരും തമ്മിൽ സാമ്യമുണ്ട്. ദീപ്തിയായി മാറാൻ പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നും തന്നെ വേണ്ടിവന്നില്ല. കാരണം ഒരു വീട്ടമ്മയായി നിൽക്കുമ്പോൾ ദീപ്തി ഒരു സാധാരണ വീട്ടമ്മയും ഒരു പൊലീസ് ഓഫീസർ ആയിരിക്കുമ്പോൾ നൂറുശതമാനം ആ ജോലിയോടും നീതി പുലർത്തുന്നു. ഐ.പി.എസ് ട്രെയിനിംഗ് കാലഘട്ടം അവതരിപ്പിക്കുമ്പോഴായിരുന്നു കുറച്ച് തയ്യാറെടുപ്പുകൾ വേണ്ടി വന്നത്. കാരണം ആ കാലഘട്ടം കഴിഞ്ഞുവരുന്ന ദീപ്തി പഴയതുപോലെയല്ല. വളരെ ബോൾഡായ പവർഫുളായ ഒരു ഐ.പി.എസ് ഓഫീസറാണ്. യൂണിഫോം ധരിക്കുമ്പോൾ ആ പവർ അനുഭവപ്പെടണം. ആദ്യം അതിനൊരു ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. അതിന് കുറച്ച് തയ്യാറെടുപ്പുകൾ വേണ്ടിവന്നു. ആ ഒരുഭാഗം ഒഴിച്ചനിറുത്തിയാൽ ഏകദേശം ദീപ്തിയെപോലെ അത്യാവശ്യം കാര്യങ്ങളിൽ പ്രതികരിക്കുന്ന ആളാണ്. കരിയറിനും ഫാമിലിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ്. കരിയറിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് കുടുംബമാണ്. 

ദീപ്തിയിൽ നിന്ന് വിട്ടുപോരാൻ ഒരു വിഷമം തോന്നിയോ? 

 ആദ്യമൊന്നും ദീപ്തിയിൽ നിന്നും വിട്ടുപോരാൻ വിഷമമില്ലായിരുന്നു. പരമ്പര അവസാനിക്കാൻ പോകുന്നുവെന്നത് ബാധിച്ചതേയില്ല. മനകൊണ്ട് ആ ടീമിലെ എല്ലാവരും അത് അവസാനിപ്പിക്കാൻ തയ്യാറെടുത്തിരുന്നു. എന്നാൽ ഇടയ്ക്ക് ഞാൻ  കാരണമാണ് പരസ്പരം അവസാനിപ്പിച്ചതെന്നൊരു വാർത്ത വന്നിരുന്നു. എന്നാൽ അതല്ല, പരസ്പരം ടീമിലെ എല്ലാവരും അത് ആഗ്രഹിച്ചിരുന്നു. സീനിയറായ ആർട്ടിസ്റ്റുകളിൽ പലരും പിന്മാറുന്നു എന്ന് പറഞ്ഞിരുന്നു. നീണ്ടുപോകുന്ന പരസ്പരത്തിന്റെ ഷെഡ്യൂളുകൾ കാരണം അവർക്ക് മറ്റു പ്രോജക്ടുകൾ നഷ്ടമാകുന്നു എന്നതായിരുന്നു കാരണം. ഏകദേശം ആറുമാസം മുമ്പുതന്നെ "പരസ്പരം' അവസാനിപ്പിക്കാം എന്ന തീരുമാനത്തിലെത്തിയിരുന്നു. അതിനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. പക്ഷേ അവസാന എപ്പിസോഡ് എത്തിയപ്പോഴേക്കും ദീപ്തിയെ വിട്ടുപോരാൻ വിഷമമായി തുടങ്ങി. ഇനി ആ കഥാപാത്രമില്ല എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം. ആ യൂണിഫോമിനോടും ആ കഥാപാത്രത്തോടും അത്രയ്ക്കും ഇഷ്ടമായിരുന്നു. പലരും കാണുമ്പോൾ ദീപ്തി എന്നായിരുന്നു വിളിച്ചിരുന്നത്. ഇപ്പോൾ കൂട്ടത്തിലുള്ള ആരോ മരിച്ചുപോയ ഒരു വിഷമമാണന് അത് എങ്ങനെ പ്രകടിപ്പിക്കണം പറയണം എന്ന് അറിയില്ല. 

യഥാർത്ഥ ജീവിതത്തിൽ ദീപ്തിമാരെ കണ്ടിട്ടുണ്ടോ?

  ദീപ്തിയെപ്പോലെ നന്നായി ബുദ്ധിമുട്ടി പിടിച്ചു കയറിയവരെ പിന്നീട് ഒരു പാട് കണ്ടിട്ടുണ്ട്. ആദ്യ കാലങ്ങളിൽ അവരുടെ അനുഭവങ്ങളാണ് ദീപ്തിയുടേതും എന്ന് പറഞ്ഞ് കത്തുകൾ വരാറുണ്ടായിരുന്നു. ഇപ്പോഴും മെയിൽ അയക്കുന്നവരുണ്ട്. ഒരു പക്ഷേ അവരെല്ലാം ദീപ്തിയിൽ അവരെ തന്നെ കാണുന്നുണ്ടാകും. ഐ.പി.എസിലെ മിടുക്കരായ ശ്രീലേഖ, അജിതാ ബീഗം, നിശാന്തിനി തുടങ്ങിയവരെ കാണാൻ കഴിഞ്ഞു. അവർ ചെയ്യുന്ന ജോലിയുടെ റിസ്കം അർപ്പണവും മനസിലാക്കാൻ സാധിച്ചു. അവരോടുള്ള ബഹുമാനം ഇപ്പോൾ കൂടിയിട്ടേയുള്ളൂ.

അഞ്ചുവർഷം നീണ്ടുനിന്ന പരമ്പരയുടെ അവസാനം കുറച്ച് അവിശ്വസനീ യത തോന്നിയില്ലേ?

  ആദ്യം കേട്ടപ്പോൾ എല്ലാവർക്കും ചിരിക്കാനുള്ള ഒരു വിഷയമായിരുന്നു പരസ്പരത്തിന്റെ ക്ലൈമാക്സ്. ശരിക്കും ഒരു ഹിന്ദി സീരിയലിന്റെ റീമേക്ക് ആണ് പരസ്പരം. ഒരുപക്ഷേ അതിൽ ചിത്രീകരിച്ചതിനേക്കാൾ മികച്ചതായിരുന്നു മലയാളത്തിലെ ചിത്രീകരണം. ഗ്രാഫിക്സസും കാര്യങ്ങളുമൊക്കെ മികച്ചതാക്കാൻ പരസ്പരത്തിന്റെ അണിയറ പ്രവർത്തകർ ഒരുപാട് പരിശ്രമിച്ചു. ഷൂട്ടിംഗ് പോലും മനസില്ലാമനസോടെയാണ് നടന്നത്. എന്നാൽ അതിനുശേഷം സംഭവിച്ച കാര്യങ്ങളൊക്കെ എല്ലാവരെയും അത്ഭുതപ്പെടുത്തി. രണം നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കിൽ കൂടി ഈ ക്ലൈമാക്സിന് കിട്ടിയ സ്വീകാര്യത എല്ലാവരേയും അത്ഭുതപ്പെടുത്തി. മലയാളത്തിൽ ഒരുപാട് പരമ്പരകൾ ഉണ്ടായിട്ടും ഈ ക്ലൈമാക്സിന്റെ വ്യത്യസ്തതയാണ് ഈ സീരിയലിനെ വേറിട്ട് നിറുത്തുന്നത്. കൂടുതൽ ആൾക്കാർ കണ്ടതുകൊണ്ടും ശ്രദ്ധിച്ചതുകൊണ്ടുമാണല്ലോ ഇത്രയും ട്രോളുകൾ ഇറങ്ങിയത്. 

ട്രോളുകൾ എങ്ങനെയാണ്? ആസ്വദി ക്കുന്നുണ്ടോ?

 തീർച്ചയായും ആസ്വദിക്കാറുണ്ട്. ഒരുശതമാനം പോലും ട്രോളുകൾ എന്നെ വിഷമിപ്പിക്കാറില്ല എന്നാലും ആ ട്രോളുകൾ കണ്ട് ആശ്വസിപ്പിച്ചു കൊണ്ട് ഒരു പാട് മെസേജുകൾ വരാറുണ്ട്. ട്രോളുകൾ ഒരിക്കലും ഗായത്രി എന്ന വ്യക്തിയെ ലക്ഷ്യമാക്കിയല്ല. അത് ദീപ്തി എന്ന കഥാപാത്രത്തെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നതുകൊണ്ടാണത്രേ ട്രോൾ ഇറങ്ങുന്നത്. ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ഇറങ്ങിയ പരമ്പര പരസ്പരമായിരിക്കാം. സിനിമയും രാഷ്ട്രീയവുമൊക്കെ ട്രോളുകൾക്ക് അടിസ്ഥാനമായിട്ടുണ്ട്, എന്നാൽ ഒരു പരമ്പര ആദ്യമായിട്ടായിരിക്കാം. 

അഭിനേത്രിക്ക് അപ്പുറം ഒരു നല്ല അവതാരിക കൂടിയാണ്? 

 ആങ്കറിംഗും വളരെ ഇഷ്ടപ്പെട്ട ഒരു മേഖലയാണ്. ഈ ഒരു രംഗത്തേക്ക് എത്തിയത് ആങ്കറിംഗിലൂടെയാണ്. അത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. കോളേജ് കാലം മുതൽ ആങ്കറിംഗ് ചെയ്യുന്നുണ്ട്. ഒരുപാട് ചാനലുകൾക്ക് വേണ്ടി ആങ്കറിംഗ് ചെയ്തിട്ടുണ്ട്. ആങ്കറിംഗിൽ നിന്ന് ഒരു വലിയ ബ്രേക്ക് എടുത്തശേഷമാണ് ദീപ്തിയായി വന്നത്

ഗായത്രി എന്ന വ്യക്തി എങ്ങനെയാണ്?

ഇങ്ങനെയൊക്കെ തന്നെയാണ്, മാറ്റങ്ങളൊന്നും വന്നിട്ടില്ല. എന്റെ ഏറ്റവും വലിയ ശക്തി കുടുംബം തന്നെയാണ്. ഏറ്റവും പ്രധാനം എന്റെ കുടുംബം തന്നെയാണ് അത് കഴിഞ്ഞ കരിയർ വരുന്നുള്ളൂ. 

ജീവിതത്തെക്കുറിച്ച് ഗായത്രിയുടെ കാഴ്ചപ്പാട്?

എനിക്കങ്ങനെ പ്രത്യേകിച്ച് വലിയ പ്ലാനിംഗ് ഒന്നുമില്ല. ജീവിതത്തിൽ ആരെയും ദ്രോഹിക്കാതെ മറ്റുള്ളവരുടെ നാശം ആഗ്രഹിക്കാതെ മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്നവരാണ് ഞാനും എന്റെ ഭർത്താവും. ചെയ്യുന്ന കാര്യങ്ങളോട് നീതി പുലർത്തുക, നല്ല തീരുമാനങ്ങളെടുക്കുക ഇതൊക്കെ തന്നെയാണ് ജീവിതം. അപ്പോൾ ജീവിതത്തിൽ പോസിറ്റീവ് ഫലങ്ങളും ഉണ്ടാകും. മറ്റൊരാളുമായി താരതമ്യം ചെയ്യാതിരിക്കുക അപ്പോൾതന്നെ നമ്മൾ ഒരുപാട് ഹാപ്പിയായിരിക്കും.

parasparam serial actress gayathri arun photos

No comments:

Post a Comment

FUN FILLED Knanaya WEDDING - ക്നാനായ വിവാഹം

   Knanaya Community has special customs in connection with their marriage. The wedding ceremonies stress that marriage is not just a sacr...